Saturday 23 May 2009

ആരാണീ വ്യക്തി - സമാപനവും ഫലപ്രഖ്യാപനവും

പ്രിയ കൂട്ടുകാരേ,
  • അങ്ങനെ നമ്മളെല്ലാവരും കാത്തിരുന്ന ആ നിമിഷം വന്നുചേര്‍ന്നിരിക്കുന്നു - ഈ ഗോമ്പറ്റീഷന്‍ ഇവന്റിന്റെ “സമാപന സമ്മേളനം“ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ പോസ്റ്റ്. കഴിഞ്ഞ ഏപ്രില്‍ 27 ന് ഡോ. ജി മാധവന്‍ നായരില്‍നിന്നാരംഭിച്ച് ചരിത്രത്തിലേക്ക് ചുവടുവച്ചു കടന്നുപോയ വ്യക്തികളിലേക്കും, തിരിച്ച് സമകാലീന കാലഘട്ടത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് ജീവിക്കുന്ന വ്യക്തികളിലേക്കും മാറിമാറി യാത്രചെയ്ത് നമ്മള്‍ അന്‍പതാം എപ്പിസോഡുവരെ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇതില്‍ നിങ്ങളെല്ലാവരേയും പോലെ ഞാനും വളരെയധികം സന്തോഷിക്കുന്നു. ഏതൊരു ഈവന്റിന്റെയും വിജയം നടത്തിപ്പുകാരുടെ മിടുക്കിനേക്കാളുപരി അതില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തേയും, സഹകരണത്തേയും, ആത്മാര്‍ത്ഥതയേയും ആശ്രയിച്ചാണിരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഇതിന്റെ വിജയം ഇതില്‍ പങ്കെടുത്ത നിങ്ങളെല്ലാവരുടേതും കൂടിയാണ്.
  • ഈ ഒരു മത്സരത്തിന്റെ ആശയം ഞാന്‍ ആദ്യം ആലോചിക്കുമ്പോള്‍ എന്റെ മനസിലേക്ക് വന്ന കാര്യം ബ്ലോഗില്‍ കൂടി പരിചയപ്പെട്ട നിങ്ങളില്‍ ആര്‍ക്കൊക്കെ എന്തൊക്കെ അറിയാം ആരെയൊക്കെ അറിയാം എന്നു പരീക്ഷിക്കുകയായിരുന്നില്ല. നമ്മളിലോരോരുത്തരും ഓരോ ദിവസവും അറിവുകള്‍ ആര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ നമ്മുടെ വായന, നമ്മുടെ അറിവിന്റെ മേഖല ഇതൊക്കെ ഓരോരുത്തരുടേയും അഭിരുചികള്‍ക്കനുസരിച്ച് മാറും. ഉദാഹരണത്തിന് ഒലിവര്‍ ട്വിസ്റ്റും ടോം സോയറും ഒക്കെ പണ്ട് സ്കൂള്‍ കാലഘട്ടത്തില്‍ പഠിച്ചിട്ടുള്ളവര്‍ ചാള്‍സ് ഡിക്കന്‍സിനെപ്പറ്റി തീര്‍ച്ചയായും കേട്ടിട്ടുണ്ടായിരിക്കും. പക്ഷേ അന്നത്തെ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് എന്ന അത്ഭുതം നമ്മുടെയൊന്നും സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്നതിലാല്‍ നാം പഠിക്കുന്ന ഓരോ വ്യക്തിയേയും പറ്റിയുള്ള ചിത്രം ആ പാഠഭാഗം നമുക്ക് തരുന്നതുമാത്രമായി ഒതുങ്ങി. എന്നാല്‍ ഇന്റര്‍ നെറ്റിന്റെ വരവോടെ അറിവിന്റെ ചക്രവാളത്തിന് ഒരു പരിധി ഇല്ലാതെയായി. വിഷ്വല്‍ മീഡീയയുടെ വികാസത്തില്‍ ദേശങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള അകലവും പരിമിതപ്പെട്ടു. ഈ മാറ്റങ്ങള്‍ക്കനുസരിച്ച് മാറിയവരുടെ അറിവിന്റെ മേഖല വികസിച്ചുകൊണ്ടേയിരിക്കുന്നു. അതില്ലാത്തവരുടെ അറിവ്, അവരുടെ മനസില്‍ നിലവിലുള്ള ഒരു ചക്രത്തിനുള്ളില്‍ മാത്രം നിന്നുതിരികയും ചെയ്യുന്നു. ഈ വ്യത്യാസങ്ങളെ ഒന്നു മനസിലാക്കിക്കൊടുത്തുകൊണ്ട് നിങ്ങളെ ഓരോരുത്തരെയും ഇന്റര്‍നെറ്റ് വായനയുടെ ഒരു പുതിയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുവാനാണ് ഈ ഗോമ്പറ്റീഷനിലൂടെ ഞാന്‍ പ്രധാനമായും ശ്രമിച്ചത്.
  • ചിലവ്യക്തികളുടെ മുഖങ്ങള്‍ നമ്മളില്‍ ചിലര്‍ക്ക് വളരെ പരിചിതമായിരിക്കും. അവരുടെ മുഖത്തിന്റെ ഒന്നോരണ്ടോ ഭാഗങ്ങള്‍ കണ്ടാല്‍ പോലും അവര്‍ക്ക് അവരെ തിരിച്ചറിയാനാവും. അതേസമയം ആ വ്യക്തിയെ കേട്ടുകേഴ്വിപോലും ഇല്ലാത്ത ഒരാള്‍ക്ക് ഒട്ടും മുറിക്കാത്ത ചിത്രം കാണിച്ചു കൊടുത്താലും അദ്ദേഹത്തെ തിരിച്ചറിയുവാന്‍ സാധിച്ചെന്നുവരില്ല. ഇതാണ് ഈ ഗോമ്പറ്റീഷനിലെ ചിത്രങ്ങളുടെ കഷണിക്കലുകളിലൂടെ അവതരിപ്പിച്ചത്. എപ്പോഴും ഹൈ-ഫൈ ആയിപ്പോകാതെ എല്ലാവര്‍ക്കും പരിചിതമായ മുഖങ്ങളും ഇടയ്ക്കൊക്കെ ഉള്‍പ്പെടുത്തുവാന്‍ പരമാവധി ശ്രമിച്ചിരുന്നു.
  • ഇടയ്ക്കൊക്കെ നിങ്ങളില്‍ പലര്‍ക്കും തീരെപരിചയമില്ലാത്ത മുഖങ്ങളെ ഇവിടെ അവതരിപ്പിച്ചത്, ആരെക്കൊണ്ടും ഉത്തരം പറയിപ്പിക്കാതെ എനിക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍ ആയിരുന്നില്ല എന്നു മനസിലാക്കുമല്ലോ. ഗോമ്പറ്റീഷന്റെ രസത്തിനു ഭംഗം വരാതെതന്നെ പുതിയ മേഖലകള്‍ അറിവുകള്‍ ഇതൊക്കെ അവര്‍ വഴി പകര്‍ന്നുനല്‍കുവാനാണ് ആ രീതിയിലുള്ള വ്യക്തികളെ ഇതില്‍ ഉള്‍പ്പെടുത്തിയത്. അല്ലാതെ നമുക്കെല്ലാം എപ്പോഴും പരിചയമുള്ള സിനിമാതാരങ്ങളെയും രാഷ്ട്രീയക്കാരെയും വച്ച് ഒരു ജിഗ്‌സോ പസില്‍ കളിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം. അത് ഇതിനോടകം വ്യക്തമായിട്ടുള്ളതുമാണ്.
  • ഒന്നുമുതല്‍ നാല്‍പ്പത്തിയഞ്ചുവരെയുള്ള മത്സരങ്ങളില്‍ 45 വ്യക്തികളെമാത്രമാണ് ഇവിടെ അവതരിപ്പിച്ചതെങ്കിലും, അവരുടെ ഇമേജ് സേര്‍ച്ച് ചെയ്തു പോകുകവഴി നിങ്ങളിലോരോരുത്തരും അതിന്റെ പത്തിരട്ടി വ്യക്തികളെ പരിചയപ്പെട്ടിട്ടുണ്ടാവും. മാത്രവുമല്ല ഈ നാല്‍പ്പത്തിയഞ്ചു വ്യക്തികളുടെയും ചിത്രങ്ങള്‍ ഇനിയൊരിക്കലും ഇതില്‍ പങ്കെടുത്തവരുടെ മനസില്‍ നിന്ന് പോവുകയില്ല എന്നെനിക്ക് ഉറപ്പുണ്ട്.
  • ഈ ബ്ലോഗില്‍ ആദ്യമായി അവതരിപ്പിച്ച “ഇതാരുടെ ഉത്തരങ്ങള്‍” എന്ന ഗോമ്പറ്റീഷനു ശേഷം ഇനിയെന്ത് എന്നൊരു ചിന്തമനസില്‍ വന്നപ്പോഴാണ് ഇങ്ങനെയൊരു ആശയം പരീക്ഷിച്ചാലോ എന്ന് എനിക്ക് തോന്നിയത്. ബ്ലോഗിലെ വായനക്കാരുടെ അറിവിന്റെ മേഖല എവിടെയൊക്കെ പരന്നുകിടക്കുന്നു എന്നറിയാത്തതിനാല്‍ വളരെ ശ്രദ്ധിച്ചാണ് ഇതിലെ വ്യക്തികളെ ഓരോരുത്തരേയും ഞാന്‍ തെരഞ്ഞെടുത്തത്. ആദ്യമായി ഈ മത്സരം വിജയിക്കുമോ എന്നു ഞാന്‍ പരീക്ഷിച്ചത് ഈ ബ്ലോഗിന്റെ ഉടമയായ ശ്രീ നിഷാദ് കൈപ്പള്ളിക്ക് ഒരു ചിത്രം അയച്ചു കൊടുത്തുകൊണ്ടായിരുന്നു. ഡോ. ജി മാധവന്‍ നായരുടെ കഷണചിത്രം കണ്ടപ്പോള്‍ കൈപ്പള്ളിക്ക് ആദ്യം തോന്നിയത് അത് അമൂല്‍ കമ്പനിയുടെ ചെയര്‍മാര്‍ ശ്രീ.വര്‍ഗ്ഗീസ് കുര്യന്‍ ആണെന്നായിരുന്നു. ഒന്നുകൂടി തിരിച്ചുമറിച്ചും ചിത്രം നോക്കിക്കഴിഞ്ഞപ്പോള്‍ മാധവന്‍ നായരുടെ താടിയുടെ പ്രത്യേകത കൈപ്പള്ളിയുടെ കണ്ണില്‍ പെടുകയും അത് ഡോ. മാധവന്‍ നായര്‍ ആണെന്ന് തീര്‍ത്തുപറയുകയും ചെയ്തു. അതോടെ സംഗതി വിജയിക്കും എന്നെനിക്ക് ഉറപ്പായി.
  • പുതിയതായി ഈ ഗോമ്പറ്റീഷന്‍ ഈ ബ്ലോഗില്‍ ആരംഭിക്കുവാന്‍ കൈപ്പള്ളി അനുവാദം തരുകയും, ഇതിലേക്ക് ഉള്‍പ്പെടുത്താന്‍ പറ്റിയ പത്തോളം വ്യക്തികളുടെ പേരുകള്‍ അപ്പോള്‍ തന്നെ പറയുകയും ചെയ്തു. അങ്ങനെയാണ് ഏപ്രില്‍ 27 ന് ഈ ഗോമ്പറ്റീഷന്‍ നമ്മള്‍ ഇവിടെ ആരംഭിച്ചത്. തുടക്കത്തിലെ ഒന്നുരണ്ടു ദിവസത്തെ ചില്ലറ മാന്ദ്യത്തിനുശേഷം വായനക്കാരുടെ എണ്ണം നന്നായി വര്‍ദ്ധിച്ചു. പകുതിമത്സരങ്ങള്‍ ആയപ്പോഴേക്കും ഒരു ദിവസം ആവറേജ് 1500 പേജ് ഹിറ്റുകളും 400 നുമുകളില്‍ സന്ദര്‍ശകരും എന്ന നിലയിലെത്തി.
  • ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുണ്ടായിരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു. ഇതില്‍ പങ്കെടുത്തിരുന്ന സന്ദര്‍ശകരുടെ ഏകദേശ സ്റ്റാറ്റിസ്റ്റിക്സ് താഴെക്കാണാം.
  • ഒരു ‘ബ്ലോഗല്‍’ ഇവന്റിനെ സംബന്ധിച്ച് ഇതൊരു വലിയൊരു സംഖ്യയല്ലെങ്കില്‍ പോലും, ഈ ഗോമ്പറ്റീഷന്‍ ഒരു വിജയം തന്നെയായിരുന്നു എന്നതില്‍ സംശയമില്ല. അതില്‍ നിങ്ങളെല്ലാവരോടും എനിക്കുള്ള നന്ദി ഈ അവസരത്തില്‍ പ്രകടിപ്പിക്കട്ടെ. അതോടൊപ്പം നന്ദിയും സന്തോഷവും തീര്‍ച്ചയായും പറഞ്ഞിരിക്കേണ്ട ഒന്നുരണ്ടാളുകള്‍ കൂടീ എന്റെ മുമ്പിലുണ്ട്. ഈ ബ്ലോഗ് ഇങ്ങനെയൊരു ഈവന്റിനായി തുറന്നു തന്ന കൈപ്പള്ളി, ഇത്രയും ആളുകള്‍ പങ്കെടൂത്ത ഈ ഗോമ്പറ്റീഷന്റെ സ്കോര്‍ഷീറ്റ് എന്ന വലിയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പ്രതീക്ഷിച്ചതിലും വളരെ വളരെ ഭംഗിയായി നമുക്ക് ചെയ്തുതന്നെ ജോഷി എന്നിവര്‍ക്കുള്ള നന്ദി അറിയിക്കുന്നു. ഓരോ മത്സരവും കഴിഞ്ഞ് നമ്മളൊക്കെ പിരിഞ്ഞുപോയിക്കഴിഞ്ഞ് ഓരൊരുത്തര്‍ക്കും കിട്ടിയ മാര്‍ക്കുകള്‍ തെറ്റീപ്പോകാതെ പെറുക്കിയടുക്കി കണക്കുകൂട്ടി ഈ സ്കോര്‍ഷീറ്റിനെ ഒരു ഗംഭീരവിജയമാക്കിയ ജോഷിക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹം ആ ഷീറ്റില്‍ ചെയ്തിരിക്കുന്ന വര്‍ക്ക് എത്രത്തോളമാണെന്ന് അതിന്റെ വ്യത്യസ്ത ഷീറ്റുകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും. ഓരോ മത്സരാര്‍ത്ഥിയുടെയും ബ്ലോഗിലേക്ക് നേരിട്ട് നമുക്ക് പോകാന്‍ തക്കവിധം അവരുടെ പ്രൊഫൈലിലേക്കുള്ള ലിങ്കുള്‍പ്പടെയാണ് ജോഷി ഷീറ്റ് തയ്യാറാക്കിയിരിക്കുനത്. നന്ദി ജോഷീ.
  • ഈ ഗോമ്പറ്റീഷനില്‍ വളരെ ആവേശത്തോടെ പങ്കെടുത്ത് ഉത്തരങ്ങള്‍ എഴുതിയ നിങ്ങളെല്ലാവരും അഭിനന്ദനങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നു. എങ്കിലും ഒന്നുരണ്ടു പേരുകള്‍ ഇവിടെ പരാമര്‍ശിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല. ഓരോ ഗോമ്പറ്റീഷന്‍ തുടങ്ങുമ്പോഴും ആരാവും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കറക്റ്റായ ഉത്തരം എഴുതുക എന്ന് ഞാന്‍ വളരെ ആകാംഷയോടെ നോക്കിയിരിക്കുമായിരുന്നു. പ്രത്യേകിച്ച് കട്ടുചെയ്ത ചിത്രങ്ങളാണെങ്കില്‍ ആര്‍ക്കും മനസിലാവാതെ പോവുമോ എന്ന ആധിയും. എന്നാല്‍ ലാപുട, ആഷ്‌ലി, ചീടാപ്പി, ബ്രൈറ്റ് തുടങ്ങിയവര്‍ വാശിയേറീയ ഒരു മത്സരമാണ് ഈ ഒരു കാര്യത്തില്‍ കാഴ്ചവച്ചത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ശരിയുത്തരങ്ങള്‍ പറഞ്ഞത് ലാപുടയാണെന്നാണ് എന്റെ ഓര്‍മ്മ. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളേ. ഈ ഗോമ്പറ്റീഷന്‍ പകുതിയോളം ആയ സമയത്ത് ഇവിടെ എത്തിച്ചേര്‍ന്ന ഒരു വീട്ടമ്മയാണ് മാനസ. എങ്കിലും ബാക്കിയുള്ള മത്സരങ്ങളില്‍ നിന്ന് 520 മാര്‍ക്ക് മാനസ നേടി. അഭിനന്ദനങ്ങള്‍. ഇവരെ കൂടാതെ ഫൈനലിനു തൊട്ടുമുമ്പ് ടോപ് ടെന്‍ ലി‍സ്റ്റില്‍ എത്തിയ മത്സരാര്‍ത്ഥികളായ സാജന്‍, കിച്ചു, സുല്ല്, അഗ്രജന്‍, കവിത്രയം, കുഞ്ഞന്‍, ബിന്ദു കെ.പി ചീടാപ്പി എന്നിവര്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. ഇവരെ മാത്രം അഭിനന്ദിച്ചു എന്നുകരുതി ആരും പരിഭവിക്കേണ്ടതില്ല! ഇവിടെ ഉത്തരങ്ങള്‍ എഴുതിയും, എഴുതിയില്ലെങ്കിലും വായിച്ചു കൊണ്ട് ഇതില്‍ പങ്കെടുക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കുംഒരായിരം നന്ദി.
  • നിങ്ങള്‍ കാത്തുകാത്തിരുന്ന മത്സര ഫലം പ്രഖ്യാപിക്കാന്‍ ഇനി സമയമായിരിക്കുന്നു. അതിനു മുമ്പായി ഫൈനല്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പത്തുവ്യക്തികള്‍ ആരൊക്കെ എന്ന് പരിചയപ്പെടുത്തട്ടെ. അവര്‍ എല്ലാവരും നമ്മുടെ സമകാലീന വ്യക്തിത്വങ്ങളാണ് എന്ന് മത്സരം നടക്കുന്ന അവസരത്തില്‍ പറഞ്ഞിരുന്നുവല്ലോ. ഇവരെയെല്ലാവരെയും പറ്റി വിക്കിപീഡിയയില്‍ നിങ്ങള്‍ക്ക് വായിക്കാം.
  • Group - A
  • A ജെയിംസ് റാന്റി - പ്രശസ്തനായ മജീഷ്യന്‍, അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങള്‍ പുറത്തെത്തിക്കുവാനായി യത്നിക്കുന്ന പ്രമുഖ വ്യക്തി
  • B ജോണ്‍ സ്റ്റിവാര്‍ട്ട് - കൊമേഡിയന്‍, ടി.വി അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍
  • C രാകേഷ് ശര്‍മ്മ - ഇന്ത്യാക്കാരനായ ആദ്യ ബഹിരാകാശ സഞ്ചാരി
  • D നന്ദന്‍ നിലേഖാനി - ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍
  • E റിച്ചാര്‍ഡ് ഡോക്കിന്‍സ് - വിശ്വപ്രസിദ്ധനായ ജൈവ ശാസ്ത്രജ്ഞന്‍, ഇവലൂഷന്‍ തിയറിയില്‍ ജീനുകളുടെ പ്രാധാന്യം ശാസ്ത്രത്തിനു ബോധ്യപ്പെടുത്തിയ ആള്‍
  • Group - B
  • A ശ്രീശാന്ത്
  • B ഗോപിനാഥ് മുതുകാട്
  • C ബൃന്ദ കാരാട്ട്
  • D ശ്രീകുമാരന്‍ തമ്പി
  • E റോബര്‍ട്ടോ ബാജിയോ
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതാക്കി കാണാവുന്നതാണ്
  • ഫൈനല്‍ മത്സരത്തിന് നിങ്ങളോരോരുത്തരും രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ ഇപ്പോള്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇനി ഫലപ്രഖ്യാപനത്തിനുള്ള സമയമാണ്.
  • ഈ മത്സരത്തില്‍ നമ്മുടെ ടോപ് 10 ലിസ്റ്റിലെ ആദ്യ അഞ്ചുപേര്‍ നേടിയ മാര്‍ക്കുകള്‍ ഇപ്രകാരമാണ്
  1. സാജന്‍ - 3 ശരിയുത്തരങ്ങള്‍ - 60 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല) Total 1225
  2. കിച്ചു - 3 ശരിയുത്തരങ്ങള്‍ - 60 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല) Total 1205
  3. സുല്‍ - 4 ശരിയുത്തരങ്ങള്‍ - 80 പോയിന്റ് - തെറ്റ് 1 - നെഗറ്റീവ് മാര്‍ക്ക് 10 Total 1160
  4. ലാപുട - 2 ശരിയുത്തരങ്ങള്‍ 40 പോയിന്റ് (നെഗറ്റീവ് മാര്‍ക്ക് ഇല്ല) Total 1095
  5. അഗ്രജന്‍ - 5 ശരിയുത്തരങ്ങള്‍ + 10 പോയിന്റ് ബോണസ് Total 1159
  • അപ്പോള്‍ ഈ ഗോമ്പറ്റീഷനിലെ വിജയി - സാജന്‍ | SAJAN
  • രണ്ടാം സ്ഥാനം: കിച്ചുച്ചേച്ചി
  • മൂന്നാം സ്ഥാനം : സുല്‍
വെറും ഒരു പോയിന്റ് വ്യത്യാസത്തില്‍ സുല്ലുമായി ഇഞ്ചോടിഞ്ച് പൊരുതി അഗ്രജന്‍ നാലാം സ്ഥാനത്തും ലാപുട അഞ്ചാം സ്ഥാനത്തും എത്തിയിരിക്കുന്നു. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!
പേരു് ഇങ്ങാട്ട് വന്നിറ്റ് പോയി
പേരു് ഇവിടേ ഇപ്പഴു് ചുറ്റിതിരിയേണു്
©All Rights Reserved.
 
കൂടുതല്‍ ബ്ലോഗുകളിലേയ്ക്ക്, കൂടുതല്‍ വായനയിലേയ്ക്ക്, കൂടുതല്‍ സൌഹാര്‍ദ്ദത്തിലേയ്ക്ക്....